കൂരോപ്പട: ളാക്കാട്ടൂര്‍ മറ്റപ്പള്ളിയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനൊടുക്കിയ ചിറപ്പുറത്ത് കുടുംബത്തിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചിറപ്പുറത്ത് തോമസ് (ജോബി - 50 ), ഭാര്യ ജോത്സന തോമസ് (42), മക്കളായ മരിയ തെരേസ (17), അലന് തോമസ് (12) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ മറ്റപ്പള്ളിയിലെ വീടിനുമുമ്പില്‍ എത്തിച്ചു.
കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് നാല് ആംബലന്സുകളിലായാണു മൃതദേഹം എത്തിച്ചത്. വീട്ടുപടിക്കല്‍ പ്രത്യേക പ്രാര്‍ഥന നടത്തി. വിദേശത്തുനിന്നടക്കം ഇവരുടെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ മൃതദേഹം അവസാനമായി കാണാന്‍ എത്തിയിരുന്നു.
നൂറു കണക്കിനാളുകള്‍ ഇവരെ ഒരു നോക്ക് കാണാന്‍ ഓടിയെത്തി. മരിയയും അലനും പഠിച്ചിരുന്ന മറ്റക്കര സ്കൂളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠികളെ യാത്രയാക്കാന്‍ വേദനയോടെ എത്തി. ചേപ്പുംപാറ പള്ളിയിലെ പൊതുദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കുശേഷം മൂന്നോടെ മൃതദേങ്ങള്‍ നാല് കല്ലറകളിലായി സംസ്കരിച്ചു.
യാത്രാമൊഴി നല്കാന് ചാണ്ടി ഉമ്മന്‍ എംഎല്‍എ, റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി, തോമസ് ചാഴികാടന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലക്കലോടി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.എസ്. വിനോദ്, സുനില്‍ തോമസ്, ഗീതാ രാധാകഷ്ണന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അനില്‍ കൂരോപ്പട, കുഞ്ഞ് പുതുശേരി, ജെ. ലേഖ, സി.ജി. ഗോപകമാര്, വര്‍ഗീസ് താഴത്ത്, ജിജി നാഗമറ്റം, മഞ്ജു പ്രദീപ്, ടോംസണ് ചക്കുപാറ, വിനോദ് മഞ്ഞാലറ്റം, കെ.കെ. ഹരി തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് ശുശ്രൂഷകള്‍ക്ക് ശേഷം സംസ്കാരം മര്‍ത്ത്മറിയം പള്ളിയില്‍ നടന്നു.